തിരുവനന്തപുരം: വിറക് അടുപ്പില്‍ നിന്നും തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക ദമ്പതികൾ മരിച്ചു. പേരൂർക്കട ഹരിത നഗറില്‍ ആന്റണി (81), ഭാര്യ ഷേർളി (73) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീടിന് പുറത്തുള്ള അടുപ്പില്‍ മണ്ണെണ്ണ ഒഴിച്ച് തീപിടിപ്പിക്കാൻ ശ്രമിക്കുമ്പോൾ ആന്റണിയുടെ മുണ്ടിലേക്ക് തീ പടരുകയായിരുന്നു. ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷേർളിയുടെ ദേഹത്തും പൊള്ളലേൽക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.